തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി പക്ഷിപ്പനി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ ചത്തു. രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ ദ്രുതകർമ സേനയ്ക്കു നിർദേശം നൽകി. ഇവയിൽ കോഴികളും അലങ്കാര പക്ഷികളും ഉൾപ്പെടും.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുപ്പത്താറായിരത്തോളം പക്ഷികളെ കൊന്നൊടുക്കേണ്ടി വരും. എച്ച്5 എൻ8 വൈറസ് ആണ് രോഗവാഹി. ഇത് മനുഷ്യരിലേക്ക് പടരുന്നതാണ്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, പള്ളിപ്പാട് മേഖലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ ജന്തുരോഗ നിർണയ ലബോറട്ടറിയിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 8 സാംപിളിൽ അഞ്ചെണ്ണത്തിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഡിസംബർ 19 മുതൽ താറാവുകൾ ചത്തു തുടങ്ങി. കോട്ടയത്ത് നീണ്ടൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ലെന്ന് മന്ത്രി കെ രാജു അറിയിച്ചു.
Discussion about this post