ഡൽഹി: കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആയിരത്തോളം പക്ഷികൾ ചത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധ സ്ഥിരീകരിച്ച കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം ഇന്ന് സന്ദർശനം നടത്തിയിരുന്നു. ഇവിടങ്ങളിൽ പക്ഷികളെ കൊന്നൊടുക്കിയതും അണുനശീകരണം നടത്തിയതും കേന്ദ്രസംഘം വിലയിരുത്തി. ഇറച്ചി- മുട്ട വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ ബോധവത്കരണം നൽകാൻ കേന്ദ്രസംഘം നിർദ്ദേശം നൽകി.
ചികിത്സയില്ലാത്ത രോഗമാണ് പക്ഷിപ്പനിയെന്നും മുൻകരുതലും ബോധവത്കരണവുമാണ് സാധ്യമെന്നും കേന്ദ്രസംഘം ഓർമ്മിപ്പിച്ചു. മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും അണുവിമുക്തമായ സാഹചര്യത്തിൽ നന്നായി പാകം ചെയ്ത് ഇവ ഭക്ഷിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post