കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സി ബി ഐയുടെയും ഡി ആര്‍ ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്. കസ്റ്റംസ് ഓഫീസറില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.
അടുത്തിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ ഒത്താശയോടെയാണോ സ്വർണ്ണക്കടത്തെന്നും പരിശോധന സംവിധാനങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് റെയ്ഡ് നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സംഘം പരിശോധിക്കുന്നുണ്ട്. ഇവരില്‍ നിന്ന് സ്വര്‍ണവും പണവും പിടികൂടിയതായും സൂചനയുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ പരിശോധന എന്ന് വ്യക്തമല്ല.











