തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനിറങ്ങുമെന്ന് നടന് കൃഷ്ണകുമാര്‍. പാര്‍ട്ടി അംഗത്വമെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണ്. അറിയപ്പെടുന്ന ഒരു കലാകാരന് സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം’, കൃഷ്ണകുമാര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. പാര്‍ട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാര്‍ട്ടിയോട് ചോദിച്ചിട്ടില്ല. അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ നേരെ ചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നേരത്തെ ബി.ജെ.പിയ്ക്ക് വേണ്ടി സംസാരിക്കുന്നതിനാലാണ് തനിക്കും സുരേഷ് ഗോപിയ്ക്കുമെതിരെ ട്രോളുകള്‍ വരുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് എന്തുകൊണ്ടാണ് നടന് മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.
രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post