ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് താൽക്കാലികമായി
സ്റ്റേ ചെയ്ത് കൊണ്ടുള്ള സുപ്രീം കോടതിയുടെ നടപടിയില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് കര്‍ഷക സമരക്കാർ. കോടതിയുമായിട്ടല്ല സര്‍ക്കാരുമായിട്ടാണ് ചര്‍ച്ച നടത്തേണ്ടത് എന്ന നിലപാടാണ് കര്‍ഷകര്‍ക്കുള്ളത്.കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാനും വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ രൂപവത്കരിക്കുവാനും സുപ്രീം കോടതി ഉത്തരവായിരുന്നു.
അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചതോടെ കര്‍ഷകരുടെ സമരം ഇനിയും നീളുമെന്ന് ഉറപ്പായി. കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തില്‍ അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരും. സിംഗുവിലാണ് സംഘടനകള്‍ യോഗം ചേരുന്നത്. അനിശ്ചിതകാലത്തേക്ക് സമരം നടത്താനും തങ്ങള്‍ ഒരുക്കമാണെന്ന സന്ദേശവും കര്‍ഷകര്‍ നല്‍കുന്നുണ്ട്.
അതേസമയം തര്‍ക്ക പരിഹാരത്തിന് ഇടപെട്ട സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.വരുന്ന വേനല്‍ക്കാലത്തും തങ്ങള്‍ സമരം തുടരുമെന്ന മുന്നറിയിപ്പും സമര നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി സമരപ്പന്തലിനുള്ളില്‍ ശീതീകരണികള്‍ ഘടിപ്പിക്കാനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കും. സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ദ്ധ സമിതിയിലുള്ളവരുമായി തങ്ങള്‍ സഹകരിക്കില്ലെന്ന് കര്‍ഷകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതി രൂപീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
read also: “ഈ മോഡല് സാംസ്കാരിക നായകര് കേരളത്തിന് അപമാനം’; കമലിനെതിരെ രൂക്ഷവിമര്ശനം
നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.
Discussion about this post