പന്തളം : പന്തളം നഗരസഭയിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം. അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിപ്പോയ പാർട്ടി നേതൃത്വം ഇപ്പോൾ ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കൂടുതൽ പാർട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.
നേരത്തെ പാർട്ടി ഏരിയ സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരുന്നു. ഇപ്പോൾ ഏഴ് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കും. പകരം പുതിയ ആളുകളെ കണ്ടെത്തുമെന്നുമാണ് പാർട്ടി തീരുമാനം.
പന്തളം നഗരസഭയിൽ നിർണായകമായ ഭൂരിപക്ഷം നേടി ബിജെപി ഭരണത്തിലെത്തിയിരുന്നു. കയ്യിലുണ്ടായിരുന്ന നഗരസഭ ബിജെപി നേടിയത് സിപിഎമ്മിനെ അടിമുടി ഉലച്ചുകളഞ്ഞു. പടലപിണക്കങ്ങളും മറ്റ് പ്രശ്നങ്ങളുമാണ് പാർട്ടിയുടെ തോൽവിക്ക് കാരണമായതെന്നാണ് ആരോപണം.
പാർട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും എസ്.ഡി.പി.ഐയുമായുള്ള ബന്ധവുമാണ് തോൽവിക്ക് കാരണമെന്ന് ഒരു വിഭാഗം അണികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശബരിമല വിഷയത്തിൽ എടുത്ത തീരുമാനമാണ് തോൽപ്പിച്ചതെന്നാണ് ബഹുഭൂരിപക്ഷം അണികളുടേയും വിശ്വാസം.












