തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തതും യുവാക്കളെ പരിഹസിക്കുന്നതുമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍. ഇരുപത്തഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഹതപ്പെട്ട പി എസ് സി നിയമനം പോലും ലഭിക്കാതെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിരാശയിലാണെന്നും പ്രഫുൽ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റിട്ടയര്‍മെന്റുകള്‍ ഉണ്ടായിട്ടു പോലും ആനുപാതികമായി നിയമനങ്ങള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല. മാനദണ്ഡങ്ങള്‍ മറികടന്നുള്ള പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും അര്‍ഹരുടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് മാത്രമേ നാലേമുക്കാല്‍ വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുള്ളൂ. നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച തൊഴിലവസരങ്ങള്‍ വെറും തട്ടിപ്പാണെന്ന് കേരളം മനസ്സിലാക്കിയതാണ്. അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി മാത്രമാണ്. സ്ഥിരം അവതരിപ്പിക്കാറുള്ള പ്രഖ്യാപനങ്ങള്‍ പേര് മാറ്റി തുക മാറ്റി അവതരിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മുഖവിലക്കെടുക്കാതെ ഇലക്ഷന്‍ മുന്നില്‍ക്കണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നും പ്രഫുല്‍കൃഷണന്‍ പ്രസ്താവിച്ചു
Discussion about this post