ന്യൂഡല്‍ഹി : . ലോക്ക്ഡൗണില്‍ ഭൂട്ടാനില്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ള 36 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഭൂട്ടാനിലെ രണ്ടാമത് ലോക്ക്ഡൗണിലാണ് പുരുഷന്മാര്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് എന്‍.ജി.ഒ സംഘടനയായ റിന്യൂവും ദേശീയ വനിത ശിശു കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തു.
ശാരീരികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങളാണ് പുരുഷന്മാര്‍ക്കെതിരെ ഉണ്ടായത്. പല പുരുഷന്മാരും നാണക്കേട് ഭയന്ന് നിയമപരമായി മുന്നോട്ടുവരുന്നില്ലെന്നാണ് സംഘടന പറയുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഇരകളാകുന്നതിനാല്‍ അവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാരും ആക്രമണത്തിനിരയാകുകയാണെങ്കില്‍ അവര്‍ക്കും സംഘടന സേവനം നല്‍കുന്നുണ്ട്.
ഒരു സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിന് ഭാര്യ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു. എന്നാല്‍ അന്വേഷണത്തില്‍ പുരുഷനാണ് ആക്രമണത്തിനിരയായതെന്ന് തെളിഞ്ഞെന്ന് സംഘടനയുടെ പ്രവര്‍ത്തകന്‍ പറയുന്നു. ചിലര്‍ നിയമ സഹായം തേടി. പുരുഷന്മാര്‍ക്കെതിരെ 16 കേസുകളാണ് റിന്യൂ രജിസ്റ്റര്‍ ചെയ്തത്.
ബാക്കി കേസുകള്‍ ദേശീയ വനിത ശിശു കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പരാതിക്കാര്‍ക്ക് മുന്നോട്ടുവരാനുള്ള ധൈര്യം നല്‍കുമെന്നും സംഘടന പറയുന്നു. ഗാര്‍ഹിക പീഡനത്തിനുള്ള പ്രധാനകാരണം മദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.











