ഡല്‍ഹി: കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, 1000 കോടിയുടെ ഹവാല ഇടപാടില്‍ ഉള്‍പ്പെട്ട രണ്ടു ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ‘കടലാസ് കമ്പനി’കളുടെ പേരില്‍ ഹവാല ഇടപാടുകള്‍ നടത്തിവന്ന ചാര്‍ലി പെങ് എന്ന ലുവോ സാങ്, കാര്‍ട്ടര്‍ ലീ എന്നീ ചൈന സ്വദേശികളാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഞായറാഴ്ച ഡല്‍ഹിയില്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
പെങ്ങിനെതിരെ കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പും 2018-ല്‍ ഡല്‍ഹി പൊലീസും ആരംഭിച്ച അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയുടെ നടപടി.
തിബത്തന്‍ ആത്മീയാചാര്യന് ദലൈലാമയുടെ യാത്രകള്‍ നിരീക്ഷിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഹിമാചല്‍ പ്രദേശില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെങ്ങിലേക്ക് അന്വേഷണമെത്തിയത്. പെങ്ങിന് വ്യാജ പാസ്പോര്‍ട്ട് ഉണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചു. വ്യാജ കമ്പനികളുടെ പേരില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്കും ഇവിടെ നിന്ന് ചൈനയിലേക്കും ഇവര്‍ ഹവാല ഇടപാട് നടത്തിയെന്നും നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ പേരുകളിലായി നാല്പതോളം ബാങ്ക് അക്കൗണ്ടുകളിലായി 1000 കോടിയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയെന്നും ഇവര്‍ക്ക് സഹായം നല്കിയവരില് ബാങ്ക് ഉദ്യോഗസ്ഥരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post