ന്യൂഡൽഹി : ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനങ്ങൾ രേഖപ്പെടുത്തി. 56 പേരാണ് ശ്രീലങ്കയിൽ ഇതുവരെയായി മഴക്കെടുതിയെ തുടർന്ന് മരിച്ചത്. നിരവധി പേരെ കാണാതാവുകയും 600 ലേറെ വീടുകൾ തകരുകയും ചെയ്തു. പ്രകൃതിദുരന്തത്തിൽ തകർന്നിരിക്കുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ ദുരിതാശ്വാസ സഹായം അയച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
‘ഓപ്പറേഷൻ സാഗർ ബന്ധു’വിന് കീഴിൽ ശ്രീലങ്കയ്ക്ക് പിന്തുണയും ദുരിതാശ്വാസ സഹായങ്ങളും നൽകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുടെയും എച്ച്എഡിആർ പിന്തുണയുടെയും ആദ്യ ബാച്ച് ഇന്ത്യ അയച്ചു. സ്ഥിതിഗതികൾ വികസിക്കുന്നതിനനുസരിച്ച് കൂടുതൽ സഹായവും പിന്തുണയും നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ എന്ന നയത്തിന്റെയും മഹാസാഗർ എന്ന ദർശനത്തിന്റെയും അടിസ്ഥാനത്തിൽ, ശ്രീലങ്കയുടെ അവശ്യഘട്ടത്തിൽ ഇന്ത്യ അതിനൊപ്പം ഉറച്ചുനിൽക്കുന്നു,” എന്ന് എസിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നിവ വഴി ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ സഹായത്തിന്റെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും എക്സിലൂടെ പങ്കുവെച്ചു.










Discussion about this post