ഡൽഹി: ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം വ്യാപകമായതോടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ തയ്യാറായി താണ്ഡവ് വെബ് സീരീസിന്റെ അണിയറ പ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത വെബ് സീരീസാണ് മാറ്റങ്ങൾക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താണ്ഡവ് സംവിധായകൻ അലി അബ്ബാസ് സഫർ ഔദ്യോഗിക പ്രസ്താവന ഇറക്കി.
വെബ് സീരീസ് വ്യക്തികളെയോ ജാതികളെയോ സമുദായങ്ങളെയോ വംശങ്ങളെയോ മതവിഭാഗങ്ങളെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തിയ ആശങ്കകൾ ഗൗരവതരമായി കാണുന്നതായും പരിപാടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം കഷമ ചോദിക്കുന്നതായും ട്വിറ്റർ പ്രസ്താവനയിൽ അലി അബ്ബാസ് സഫർ വ്യക്തമാക്കി.
— ali abbas zafar (@aliabbaszafar) January 19, 2021
നേരത്തെ താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തർ പ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾ രംഗത്ത് വന്നിരുന്നു. മതനിന്ദാപരവും സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് താണ്ഡവ് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടിരുന്നു. തുടർന്ന് ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്.
മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരില്‍ സീരീസിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി ലഭിച്ചിരുന്നു. ബി.ജെ.പി. ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു. സീരീസ് നിരോധിക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു.
Discussion about this post