ഡൽഹി: ലോകത്തിന്റെ ഔഷധശാലയെന്ന ബ്രിട്ടീഷ് വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. കൊവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 ലോകരാജ്യങ്ങൾ. ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ഒടുവിൽ വാക്സിൻ ആവശ്യപ്പെട്ട് ഇന്ത്യയെ ബന്ധപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു.
ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ അയക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകള്‍ വെള്ളിയാഴ്ച എത്തും. ഈ സാഹചര്യത്തിലാണ് വാക്സിന് വേണ്ടി 92 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കോവിഡ് വാക്‌സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്രയുംവേഗം ലഭ്യമാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളാണ് പ്രത്യേക വിമാനം വഴി ഇന്ത്യ ബ്രസീലിലേക്ക് അയക്കുക. 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൈമാറുന്നതിന് ബൊളീവിയന്‍ സര്‍ക്കാര്‍ ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടു കഴിഞ്ഞു.
അതേസമയം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യയിൽ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവച്ച് തുടങ്ങിയിരുന്നു. നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
Discussion about this post