ഡൽഹി: കൊവിഡ് വാക്സിന് വേണ്ടി ചൈനയുമായി ധാരണയിലെത്തിയിരുന്ന ലോക രാജ്യങ്ങൾ ചൈനയെ കൂട്ടത്തോടെ കൈയ്യൊഴിയുന്നു. ചൈനയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉറപ്പിച്ചിരുന്ന കംബോഡിയയും ബ്രസീലും ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങാൻ കരാറായതായാണ് വിവരം.
സഹായമായും വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ ലോകരാജ്യങ്ങൾ മത്സരിക്കുകയാണ്. ഇന്ത്യയിൽ നിന്നും രണ്ട് ദശലക്ഷം ഡോസ് വാക്സിനുകൾ ഇന്ന് ബ്രസീലിലേക്ക് അയച്ചിരുന്നു. ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുൻപേ ബ്രസീൽ ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിച്ചിരുന്നു.
ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ വാങ്ങാൻ അഭ്യർത്ഥിച്ച് കംബോഡിയൻ പ്രധാനമന്ത്രി ഹൂൺ സെൻ തിങ്കളാഴ്ച ഇന്ത്യൻ സ്ഥാനപതിയെ സമീപിച്ചിരുന്നു. ചൈനയിൽ നിന്നും സൗജന്യമായി മൂന്ന് ദശലക്ഷം വാക്സിനുകൾ വാങ്ങിയിരുന്ന ഇന്തോനേഷ്യയും വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ ഒരുങ്ങുകയാണ്.
ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന കംബോഡിയയും ചൈനയിൽ നിന്നും സൗജന്യമായി പത്ത് ലക്ഷം ഡോസ് വാക്സിൻ വാങ്ങിയിരുന്നു. എന്നാൽ അവരും വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ തീരുമാനിച്ചത് ചൈനക്ക് തിരിച്ചടിയായി.
ഗുണനിലവാരമില്ലായ്മയും പാർശ്വഫലങ്ങളുമാണ് ചൈനീസ് വാക്സിന്റെ പ്രധാന പോരായ്മകൾ. ചൈനീസ് വാക്സിനുകൾക്ക് ബ്രസീലിൽ 50 ശതമാനം മാത്രമാണ് ഫലപ്രാപ്തി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കൾ എന്ന മേൽവിലാസവും മികച്ച ഗുണനിലവാരവും കുറഞ്ഞ പാർശ്വഫലങ്ങളും ഇന്ത്യൻ വാക്സിനുകൾക്ക് മുതൽക്കൂട്ടാകുകയാണ്. ദക്ഷിണേഷ്യയിലും അയൽ രാജ്യങ്ങളിലും ഇന്ത്യയുടെ വാക്സിൻ നയതന്ത്രം ഗംഭീര വിജയമാകുമ്പോൾ ഇരുട്ടിൽ തപ്പുകയാണ് ചൈന.
Discussion about this post