കാസര്‍കോട്: നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചയാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദേളി സ്വദേശി റഫീഖ് ആണ് മരിച്ചത്. സ്ത്രീകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് നാട്ടുകാര്‍ മര്‍ദിച്ചത്. എന്നാൽ ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖിന്‍റെ (48) മരണം മര്‍ദ്ദനമേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു. ഉന്തും തള്ളും മാത്രമേ ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നുള്ളൂ.
മരിച്ച റഫീഖിന്റെ ദേഹത്ത് പരിക്കും കണ്ടെത്താനായിട്ടില്ല. അതു കൊണ്ടു തന്നെ മരണം ഹൃദയാഘാതമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
സംഭവത്തില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയില്‍ ആണ് കേസ് എടുത്തത്. കാസര്‍കോട് കിംസ് – അരമന ആശുപത്രി പരിസരത്ത് ഒരു സ്ത്രീയെ റഫീഖ് അപമാനിച്ചതായി ആരോപിച്ച് വാക്കേറ്റം നടന്നതായി പറയുന്നു.
ഇതിനിടയില്‍ റഫീഖ് സ്ഥലം വിട്ടതായും ഒരു സംഘം ഇയാളെ പിടിച്ചുകൊണ്ട് വന്നതായും പറയുന്നു. ഈ സമയം മര്‍ദനം ഉണ്ടായിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.ആശുപത്രിയിലെത്തിച്ചപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Discussion about this post