ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ കർശനമായ നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ അക്രമങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൂടുതൽ അർദ്ധ സൈനികരെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
അതേസമയം തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഡൽഹിയിലെ നിലവിലെ സ്ഥിതിഗതികളും സമാധാനം പുനഃസ്ഥാപിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങളും മറ്റും ആഭ്യന്തര മന്ത്രിക്ക് വിശദീകരിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയും ഐബി ഡയറക്ടർ അരവിന്ദ് കുമാറും യോഗത്തിൽ പങ്കെടുത്തു.
ഡൽഹി അതിർത്തിയിലെ സുപ്രധാന സമര കേന്ദ്രങ്ങളായ സിംഘു, ഗാസിപുർ, തിക്രി, മുകർബ ചൗക്, നംഗോലി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
Discussion about this post