ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഒന്‍പത് കര്‍ഷക നേതാക്കള്‍ക്ക് എതിരെ കേസെടുത്തു. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ദര്‍ശന്‍ പാല്‍, രാകേഷ് തികായത് എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ട്രാക്ടര്‍ റാലിക്ക് അനുമതി നേടിയെടുക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടത്തിയ നേതാക്കളാണ് ഇവര്‍. സംഘര്‍ഷമുണ്ടായത് ഇവര്‍ കൂടി അറിഞ്ഞിട്ടാണെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനായി ഡല്‍ഹി പൊലീസ് വൈകുന്നേരം നാലുമണിക്ക് വാര്‍ത്താ സമ്മേളനം നടത്തും.
അതേസമയം, ചെങ്കോട്ടയില്‍ അതിക്രമിച്ച് കടന്ന് സിഖ് പതാക കെട്ടിയ ആളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്‌രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ചെങ്കോട്ടയിലെ അതിക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞ ദീപ് സിദ്ദുവിനായും പൊലീസ് തിരച്ചില്‍ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറുന്നതിന്റെ ലൈവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post