ഡൽഹി: ഗാസിപ്പൂരിലെ കര്‍ഷക സമരവേദിയില്‍ സംഘര്‍ഷാവസ്ഥ. പതിനൊന്ന് മണിക്ക് മുമ്പായി സമരവേദി ഒഴിയണമെന്നാണ് കര്‍ഷകര്‍ക്ക് പൊലീസ് നല്കിയ നിര്‍ദേശം. ഗാസിപ്പൂരില്‍ പൊലീസ് 144 പ്രഖ്യാപിച്ചു. ഗാസിപൂര്‍ ഉടന്‍ വിടണമെന്ന് പൊലീസ് പറഞ്ഞു. പിന്മാറാന് തയ്യാറായില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. സമരവേദി ഒഴിപ്പിക്കാന്‍ ജില്ല ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് ഡൽഹി – ഉത്തര്‍ പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമരവേദിയിലേക്ക് പൊലീസ് എത്തിയത്.
എന്നാല്‍ വെടിവെച്ച് കൊന്നാലും സമരം അവസാനിപ്പിക്കില്ലെന്നും സമരവേദി ഒഴിയില്ലെന്നുമാണ് കര്‍ഷക നേതാവായ രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയത്. കര്‍ഷകര്‍ ഇവിടെ തന്നെ സമരം തുടരുമെന്നും പൊലിസീനോട് വേദി വിട്ട് പോകണമെന്നും രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. ആരും കീഴടങ്ങാന്‍ തയ്യാറല്ലെന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമ സംഭവങ്ങള്‍ തങ്ങലുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹ വ്യക്തമാക്കി. സമരവേദിയില്‍ രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരഭിച്ചിരിക്കുകയാണ്.
രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ മജിസ്ട്രേറ്റും സംസാരിച്ചെങ്കിലും ഒഴിഞ്ഞ് പോവാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലുറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.
കര്‍ഷകര്‍ സമരം ചെയ്യുന്ന റോഡുകള്‍ ഒഴിപ്പിച്ചെടുക്കാനും ഗാസിപ്പൂര്‍ ഭരണ കൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് എത്തിയതോടെ എല്ലാ കര്‍ഷകരോട് സമര വേദിക്ക് അരികിലേക്ക് എത്താന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ വിച്ഛേദിച്ചിരുന്നു. സമര വേദിക്ക് സമീപത്തേക്കും കൂടുതല്‍ പൊലീസിനേയും അര്‍ധ സൈനിക വിഭാഗത്തേയും നിയോഗിച്ചിട്ടുണ്ട്. സമരവേദിക്ക് സമീപത്തെ സിസിടിവികള്‍ പൊലീസ് നീക്കി.
Discussion about this post