ആലപ്പുഴ: ഇന്നലെ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചതിന് പിന്നാലെ ഇന്ന് ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറിയിടിച്ച് ടോൾ ബൂത്ത് തകർന്നു. തടിയുമായെത്തിയ ലോറി ഇടിച്ചാണ് ടോൾ ബൂത്ത് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്നലെ വൈകിട്ടും ബൈപ്പാസിൽ അപകടങ്ങൾ ഉണ്ടായിരുന്നു. തുറന്ന് കൊടുത്ത് ഒരു മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ഒന്നൊന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് പലയിടത്തും വാഹനങ്ങൾ കൂട്ടിയിടിച്ചത്.
ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലമാണ് ആലപ്പുഴ ബൈപ്പാസ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഇന്നലെയാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്.
Discussion about this post