തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും, ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി.ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് ഇപ്പോള്‍ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്.കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് മോട്ടോര്‍വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്‌സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക.
നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറക്കാനാണ് സാധ്യത.ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ഇനി ആധാര്‍ വേണ്ടിവരും.
Discussion about this post