കണ്ണൂർ: രാജ്യത്ത് കൊവിഡ് രോഗബാധയിൽ നമ്പർ വൺ സംസ്ഥാനമായി കേരളം തുടരുമ്പോഴും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആരോഗ്യ മന്ത്രിയുടെ അദാലത്ത്. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു. മന്ത്രിമാരായ കെ.കെ ശൈലജ, ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന അദാലത്താണ് വൻ വിവാദമായിരിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പിലാണ് വിവാദ അദാലത്ത് നടക്കുന്നത്. പരിപാടിയിൽ വൻ ആൾക്കൂട്ടമാണ്. കൊവിഡ് മാനദണ്ഡം പാലിക്കാതെ ജനങ്ങൾ തിക്കിത്തിരക്കുകയാണ്. ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ഗതികെട്ട പൊലീസ് പറയുന്നത്.
അതേസമയം പ്രതിദിന കൊവിഡ് ബാധയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാമതായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ പകുതിയിൽ അധികവും കേരളത്തിലായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതും കേരളത്തിലാണ്.
Discussion about this post