തിരുവനന്തപുരം: ഒടുവിൽ ശബരിമല വിഷയത്തിൽ അടിയറവ് പറഞ്ഞ് സിപിഎം. ശബരിമല വിഷയത്തില്‍ എല്ലാ വിഭാഗങ്ങളുമായി പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കും. ശബരിമല കേസിൽ സുപ്രീം കോടതി വിശാല ബഞ്ചിന്റെ തീരുമാനം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെയും അവിശ്വാസികളെയും വര്‍ഗ്ഗപരമായി യോജിപ്പിച്ച് കൊണ്ടു പോവുകയാണ് ഇന്ത്യൻ സാഹചര്യങ്ങളിൽ വേണ്ടത്. എല്ലാവരുടേയും ജനാധിപത്യം സംരക്ഷിക്കുക പ്രധാനമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും കേരളത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദം പകരം വെക്കാനാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗമായ എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇന്ത്യന്‍ സമൂഹത്തില്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാന്‍ കഴിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ധാർഷ്ട്യത്തിന്റെ പേരിൽ ഇടത് മുന്നണിക്ക് കേരളത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പുനർവിചിന്തനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കാൻ കോൺഗ്രസും ബിജെപിയും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നയരേഖ പുറത്തിറക്കിയിരുന്നു. അധികാരത്തിൽ വന്നാൽ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടു വരുമെന്നും ദേവസ്വം ബോർഡുകൾ പിരിച്ചു വിടുമെന്നും ബിജെപി സംസ്ഥാന വക്താവ് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.











