ക്വാലാലമ്പൂര്‍ : ഇന്തോനേഷ്യയില്‍ കാട്ടുതീ ഉയര്‍ത്തിയ പുക പടലം മൂലം മലേഷ്യയിലെ സ്കൂളുകള്‍ അടച്ചു. പുക മൂടി ഒന്നും കാണാനാവാത്ത സ്ഥിതിയാണ്.
ഇന്തോനേഷ്യയിലെ ദക്ഷിണ സുമാത്രയിലാണ് വന്‍തോതില്‍ കാട്ടുതീ പടരുന്നത്. പുകപടലം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനാലാണ് മലേഷ്യയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ അവധി നല്‍കിയത്. ഇന്തോനേഷ്യയിലെ പേപ്പര്‍, പാം ഓയില്‍ കമ്പനികള്‍ മാലിന്യം ഒഴിവാക്കാന്‍ ഇടുന്ന തീയ്യാണ് കാട്ടുതീയ്യായി മാറുന്നതെന്ന് ആക്ഷേപിക്കപ്പെടുന്നു.
എല്ലാ വര്‍ഷങ്ങളിലും ഇതുപോലുള്ള തീ ഇന്തോനേഷ്യയില്‍ പതിവാണ്. ഇത് തടയാനുള്ള നടപടി എടുക്കാമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ എപ്പോഴും ആവര്‍ത്തിക്കാറുണ്ടെങ്കിലും ഇതുവരെ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
മലേഷ്യയിലും സിംഗപ്പൂരിലുമാണ് പുകപടലം രൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മലേഷ്യയില്‍ പുറത്തിറങ്ങണമെങ്കില്‍ ഫേസ് മാസ്ക്ക് ധരിക്കേണ്ട സ്ഥിതിയാണെന്ന് മലയ സര്‍വകലാശാലയില്‍ ഗവേഷകനായ ഡോ: മന്‍സൂര്‍ അനി നജീബ് പറഞ്ഞു.
മലേഷ്യയില്‍ അടുത്തടുത്തുള്ള മൂന്ന് സംസ്ഥാനങ്ങളിലാണ് പുക ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. മഞ്ഞും പുകയും ചേര്‍ന്നുള്ള ‘സ്മോഗ്’ രണ്ടാഴ്ച്ചയിലേറെയായി ഇവിടെ നിലനില്‍ക്കുകയാണ്. ഇന്തോനേഷ്യക്ക് ഏറ്റവും അടുത്ത പ്രശ്നങ്ങളില്‍ തിങ്കളാഴ്ച്ച അടിയന്തരാവസ്ഥ പ്രഖ്യപിക്കുകയുണ്ടായി.
ഇന്തോനേഷ്യയിലും മലേഷ്യയിലെ ചില ഭാഗങ്ങളിലും വ്യോമഗതാഗതത്തെയും പുക ബാധിച്ചു. അരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മലേഷ്യയില്‍ അധികൃതര്‍ സൗജന്യമായി ഫേസ് മാസ്ക്കുകളും വിതരണം ചെയ്തിട്ടുണ്ട്. ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിര്‍ബന്ധമായും ഫേസ് മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post