മുംബൈ: തേങ്ങകള്‍ക്കിടയില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 1800 കിലോഗ്രാം കഞ്ചാവ് പിടികൂടി. മുംബൈ പൊലീസ് ആന്റി നോര്കോടിക്സ് വിഭാഗമാണ് വെള്ളിയാഴ്ച്ച ലഹരിമരുന്ന് വേട്ട നടത്തിയത്. 3.5 കോടിയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു പേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഒഡീഷയില്‍ നിന്നും മുംബൈയിലേക്ക് തേങ്ങ നിറച്ച ടെംപോ ട്രാവലറിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മുംബൈ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വിക്രോളിയില്‍ വെച്ചാണ് സംഘം പിടിയിലായത്.
അന്തര്‍ സംസ്ഥാന ബന്ധമുള്ള ലഹരിമരുന്ന് മാഫിയയാണ് ഇതിന് പിന്നില്‍ എന്നാണ് പൊലീസ് അനുമാനം. ഓരോ മാസവും അഞ്ച് ടണ്ണോളം കഞ്ചാവ് മഹാരാഷ്ട്രയിലേക്ക് എത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. ഇതില്‍ 3.5 ടണ്‍ കഞ്ചാവ് മുംബൈ, നവി മുംബൈ, താനെ, പല്‍ഗഡ് എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘം പിടിയിലായത്. താനെ സ്വദേശിയായ സന്ദീപ് സത്പുത് ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. സന്ദീപാണ് മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് പൊലീസ് നിഗമനം.
ഇയാള്‍ക്ക് ഭീവണ്ടിയില്‍ സ്വന്തമായി ഒരു ഗോഡൗണും ഉണ്ട്. ഇവിടെയാണ് കഞ്ചാവ് സൂക്ഷിക്കുന്നത് എന്നും കരുതുന്നു. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആന്ധ്രപ്രേദശില്‍ നിന്നും ടെംപോയും ഡ്രൈവറേയും വാടകയ്ക്കെടുത്ത് നഗരത്തിന് പുറത്തെത്തിക്കും. ഇവിടെ നിന്ന് മറ്റൊരു ടെംപോയില്‍ ആന്ധ്രപ്രദേശിന്റെ അതിര്‍ത്തി ജില്ലയില്‍ സാധനമെത്തിക്കും. ഇവിടെ വെച്ച് ഡ്രൈവറോട് ഹോട്ടല്‍ മുറി വാടകയ്ക്കെടുത്ത് ഒരു ദിവസം താമസിക്കാന്‍ ആവശ്യപ്പെടും. ഇയാളുടെ ഫോണും സംഘം നേരത്തേ വാങ്ങിവെക്കും.
ശേഷം മറ്റൊരു ഡ്രൈവറാണ് വാഹനം ഒഡീഷയില്‍ എത്തിക്കുക. ഇവിടെ വെച്ച് തേങ്ങ നിറച്ച് ഇതിനിടയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് പഴയ ഡ്രൈവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കും. ഇയാളാണ് കഞ്ചാവ് മഹാരാഷ്ട്രയില്‍ എത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു.
വാഹനം മുംബൈയ്ക്ക് സമീപമെത്തിയാല്‍ മറ്റൊരു ഡ്രൈവറായിരിക്കും വാഹനമോടിക്കുക. ഇയാളാണ് ടെംപോ ഭീവണ്ടിയിലെ ഗോഡൗണില്‍ എത്തിക്കുന്നത്. ഒഡീഷയില്‍ നിന്നും സന്ദീപ് സത്പുത്തിന് കഞ്ചാവ് നല്കിയ ലക്ഷ്മി പ്രധാന് എന്നയാളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇടപാടിനുള്ള പണം നേരിട്ട് കൈപറ്റുന്നതാണ് രീതി. അതല്ലെങ്കില്‍ ഹവാല വഴിയോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ പണം നല്‍കും.
Discussion about this post