തിരുവനന്തപുരം: സി.പി.എം. നേതാവും മുന്‍ എം.പിയുമായഎം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്. നിനിതയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഇന്റര്‍വ്യൂവിന് ഉയര്‍ന്ന മാര്‍ക്ക് നല്കി നിയമനം നല്കിയതും ക്രമ വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
യു.ജി.സി. നിര്‍ദ്ദേശപ്രകാരം 60 മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കാനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ളത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റു ഉദ്യോഗാര്‍ത്ഥികള്‍ 60ല്‍ കൂടുതല്‍ മാര്‍ക്കിന് അര്‍ഹരായിരുന്നു. നിനിതയ്ക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക് യോഗ്യതകളില്ല. 2017ല്‍ പി.എസ്.സി. പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ റാങ്ക് പട്ടികയില്‍ നിനിതയ്ക്ക് എഴുത്ത് പരീക്ഷയ്ക്ക് 100 ല്‍ 17.33 മാര്‍ക്കും അക്കാദമിക മികവിന് 30 ല്‍ 19.04 മാര്‍ക്കുമാണ് ലഭിച്ചിട്ടുള്ളത്. അതിനുശേഷം പിഎച്ച്ഡി ബിരുദമല്ലാതെ അധിക യോഗ്യതകളൊന്നും ഇവര്‍ നേടിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
യുജിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളോ കോളേജ് അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒന്നാം റാങ്ക് നല്കുന്നതില് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ നടപടിയോട് വിയോജിച്ച ഭാഷാ വിദഗ്ദ്ധരെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുവാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചത് ബോധപൂര്‍വമാണെന്നും പരാതിയില്‍ പറയുന്നു.
നിയമനത്തെ ന്യായീകരിച്ച് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണ കുറിപ്പില്‍ നിനിതയുടെ അക്കാദമിക് സ്കോര്‍ പോയിന്റും ഇന്റര്‍വ്യൂവിന് സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍ നല്കിയ നല്കിയ മാര്‍ക്ക് വിവരങ്ങളും നല്‍കിയിട്ടില്ലെന്നും വിവാദമായ സാഹചര്യത്തില്‍ പ്രസ്തുത മാര്‍ക്കുകള്‍ പി.എസ്.സിയിലേതുപോലെ വെളിപ്പെടുത്താന്‍ സര്‍വകലാശാല തയ്യാറാകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി ആവശ്യപ്പെടുന്നു.
Discussion about this post