പുതുച്ചേരി: വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവച്ചതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. ലെഫ്.ഗവര്‍ണറായ തമിഴിശൈ സൗന്ദരരാജന്‍ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.
വിശാലസഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് വിളിക്കാനാവും. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാം. എന്നാല്‍, പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ലെന്ന് ബിജെപിയും സഖ്യകക്ഷികളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഡിഎംകെ സര്‍ക്കാരിന് അധികാരം നഷ്ടമായത്. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുടെ കൂട്ടരാജിയെത്തുടര്‍ന്ന് പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലാവുകയായിരുന്നു.
കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ആറ് എംഎല്‍എമാര്‍ രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി.
Discussion about this post