വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര വയനാട് ജില്ലയിൽ പുരോഗമിക്കുന്നു. യാത്രക്കിടെ ജില്ലയിലെ ആദിവാസി കോളനികൾ അദ്ദേഹം സന്ദർശിച്ചു. ബത്തേരി പുത്തൻകുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന്റെ പ്രഭാത ഭക്ഷണം ആദിവാസികൾക്കൊപ്പം ആയിരുന്നു.
കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണമാണ് കെ സുരേന്ദ്രൻ കഴിച്ചത്. കുള്ളി, നഞ്ചി, ചാമ്പ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശിമാർ പരമ്പരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് വിജയ യാത്രയെ സ്വാഗതം ചെയ്തത്.
വിജയ യാത്രയുടെ വയനാട് ജില്ലയിലെ സ്വീകരണ കേന്ദ്രമായിരുന്നു ബത്തേരി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് എൻഡിഎയ്ക്ക് ലഭിച്ചത് സംവരണ മണ്ഡലമായ ബത്തേരിയിലായിരുന്നു.
അഴിമതി വിമുക്തം…പ്രീണന വിരുദ്ധം…സമഗ്ര വികസനം… എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിജയ യാത്ര മുന്നേറുന്നത്. ഫെബ്രുവരി 21ന് കാസർകോട് നിന്നും ആരംഭിച്ച യാത്ര ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ നിരവധി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വിവിധ ഘട്ടങ്ങളിലായി യാത്രയിൽ പങ്കെടുക്കും.












