ന്യൂഡല്‍ഹി: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ സുപ്രിംകോടതിയിലെ ഒരു മുന്‍ ജഡ്ജിയെ വിദേശത്തെ കോടതി വിമര്‍ശിക്കുന്നത് അപൂര്‍വം. ഇന്ത്യയില്‍ നീരവ് മോദിക്ക് നീതിയുക്തമായ വിചാരണ ലഭിക്കില്ല എന്നതുള്‍പ്പെടെ കട്ജു ഉയര്‍ത്തിയ വാദങ്ങള്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി തള്ളി. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് വ്യക്തിപരമായ അജന്‍ഡയാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കട്ജുവിന്റെ വാദങ്ങളെ ലണ്ടനിലെ കോടതി രൂക്ഷവിമര്‍ശനത്തോടെയാണ് നേരിട്ടത്. മുന്‍ സുപ്രിംകോടതി ജഡ്ജി ഹാജരാക്കിയ തെളിവുകള്‍ വസ്തുനിഷ്ഠവും വിശ്വാസയോഗ്യവും അല്ല. വിരമിച്ച ശേഷം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതിനെ വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കട്ജു, റിടയര്‍മെന്റ് തസ്തികയായ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ പദം സ്വീകരിച്ചുവെന്ന് പരാമര്‍ശിച്ചു. മാധ്യമ വിചാരണ നടക്കുന്നുവെന്ന് പറയുന്ന വ്യക്തി തന്നെ, കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നു.
ഇന്ത്യന്‍ ജുഡിഷ്യറിയില്‍ അഴിമതിയുണ്ടെന്ന കട്ജുവിന്റെ വാദത്തിന് തെളിവില്ലെന്നും വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വ്യക്തമാക്കി. നീരവ് മോദിക്ക് വേണ്ടി വിദഗ്ധ സാക്ഷിയെന്ന മട്ടിലാണ് മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയെ സമീപിച്ചത്. നീരവ് മോദി ഇന്ത്യയില്‍ മാധ്യമ വിചാരണ നേരിടുന്ന വ്യക്തിയാണെന്നും, നീതിയുക്തവും സ്വതന്ത്രവുമായ വിചാരണ ലഭിക്കില്ലെന്നും കട്ജു വാദമുഖങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇന്ത്യന്‍ ജുഡിഷ്യറി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടെന്നും, അഴിമതിയാണെന്നും ആരോപിച്ചു. ബിജെപി സര്‍കാര്‍ നീരവ് മോദിയെ ബലിയാടാക്കാന്‍ നോക്കുകയാണെന്നും കട്ജു കുറ്റപ്പെടുത്തിയിരുന്നു.








Discussion about this post