മലപ്പുറം: കരുവാരകുണ്ടിൽ നിന്ന് കാണാതായ പതിനാലുകാരിയുടെ മൃതദേഹം ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപം പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്ലസ് വൺ വിദ്യാർത്ഥിയായ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പീഡനത്തിന് ഇരയാക്കിയതായും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. രാവിലെ 9.30-ഓടെ കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ പെൺകുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. പോലീസിന്റെ അന്വേഷണത്തിനിടെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത 16-കാരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി തന്നെയാണ് മൃതദേഹം ഒളിപ്പിച്ച സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്. കണ്ടെത്തുമ്പോൾ സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു മൃതദേഹം.
കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് കൊലപാതകത്തിലെ ക്രൂരത വെളിവാക്കുന്നു. പ്രതിയും പെൺകുട്ടിയും തമ്മിൽസൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
കരുവാരകുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം ജില്ലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവത്തിൽ പോലീസ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി വരികയാണ്.













Discussion about this post