ഡൽഹി: അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം സമ്മേളനത്തിൽ വെച്ച് അദ്ദേഹം ഏറ്റുവാങ്ങും.
ഐ എച്ച് എസ് മാർക്കിറ്റ് സംഘടിപ്പിക്കുന്ന പരിപാടി മാർച്ച് 1 മുതൽ 5 വരെയാകും നടക്കുക. സെറാവീക് സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴിയാകും പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തുക.
അമേരിക്കൻ പ്രസിഡന്റിന്റെ പരിസ്ഥിതി വിഭാഗം പ്രതിനിധി ജോൺ കെറി, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രതിനിധി, സൗദി ആരാംകോ പ്രസിഡന്റ് അമീൻ നാസർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായ നരേന്ദ്ര മോദിയുടെ പരിസ്ഥിതി സംബന്ധമായ കാഴ്ചപ്പാട് ലോകം ശ്രദ്ധയോടെ കാതോർക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.











