ആലുവ : ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ വ്യാജ പ്രചാരണം നടത്തിയ ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ പരാതി. കേരള പോലീസ്, സൈബര്‍ സെല്‍, എന്‍ഐഎ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് സദാം വാലത്തിനെതിരെയാണ് പരാതി നല്‍കിയത്. ആര്‍എസ്‌എസ് കാര്യകര്‍ത്താവ് ജിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ സദാം ആര്‍എസ്‌എസ് പ്രവർത്തകനായ ജിഷ്ണുവിനെതിരെ വ്യാജപ്രചാരണം നടത്തിയത്. ആര്‍എസ്‌എസ് നേതാവിന്റെ കയ്യില്‍ നിന്നും തോക്ക് കണ്ടെടുത്തു എന്നതരത്തിലെ വ്യാജ പ്രചാരണമാണ് സദാം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. മുസ്ലീം ഉന്മൂലനത്തിന് വേണ്ടി തയ്യാറാക്കിയ ആയുധം എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടത്തിയത്.
പറവൂരിലെ ആംബുലന്‍സ് ഡ്രൈവറുടെ പക്കല്‍ നിന്നും കഴിഞ്ഞ ദിവസം പോലീസിന് എയര്‍ ഗണ്‍ ലഭിച്ചിരുന്നു. നിയമപരമായി ഉപയോഗിക്കാവുന്ന തോക്കായതിനാല്‍ ഡ്രൈവറെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആലങ്ങോട് സ്വദേശിയായ ആര്‍എസ്‌എസ് നേതാവ് ജിഷ്ണുവിന്റെ ഫോട്ടോയും ആംബുലന്‍സിന്റേയും തോക്കിന്റേയും ചിത്രത്തോടൊപ്പം ചേര്‍ത്ത് വച്ച് പ്രചരിപ്പിക്കുകയായിരുന്നു.
സത്യമറിയാതെ ഒരുപാട് പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജിഷ്ണു പോലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തിൽ നേരത്തെയും പല ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വ്യാജ പ്രചാരണം നടത്തിയ ശേഷം അവർക്ക് നേരെ മത തീവ്രവാദികൾ ആക്രമണം നടത്തുന്നതും പതിവായിരുന്നു. ജിഷ്ണുവിനെതിരെയുള്ള പോസ്റ്റ് കണ്ട സുഹൃത്തുക്കൾ ആണ് ഇതിനെതിരെ പ്രതികരിച്ചതും ജിഷ്ണുവിനെ വിവരം അറിയിച്ചതും.












