കണ്ണൂര്‍: പാനൂരില്‍ പത്താംക്ലാസുകാരനെ നടുറോട്ടിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി പിടിയില്‍. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് പിടിയിലായത്. സഹപാഠിയോട് വഴിയില്‍ വച്ച് സംസാരിച്ചതിനാണ് സദാചാര പൊലീസ് ചമഞ്ഞ് ജിനീഷ് വിദ്യാര്‍ത്ഥിയെ നടുറോട്ടിലിട്ട് തല്ലിയത്.
സ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞു സഹപാഠിയായ പെൺകുട്ടിക്കൊപ്പം മടങ്ങിയ വിദ്യാർഥിയെയാണു വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത്. പാനൂർ മുത്താരപ്പീടികയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണു സംഭവം. മുത്താറപ്പീടിക കവലയിലെത്തിയതും ഡ്രൈവര്‍ ജിനീഷ് കുട്ടിയെ തടഞ്ഞു നിര്‍ത്തി പൊതിരെ തല്ലുകയായിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പരാതി നകിയെങ്കിലും പോലീസ് അവഗണിച്ചെന്നും രക്ഷിതാവ് ആരോപണം ഉയര്‍ത്തി. ജിനീഷ് വിദ്യാര്ത്ഥിയുടെ മുഖത്തടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പിന്തുടർന്നു മർദിച്ചു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. ചെയർമാൻ കെ.വി.മനോജിന്റെ നിർദേശമനുസരിച്ചാണു കേസെടുത്തത്. പാനൂർ പൊലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ ആളുമാറി ആക്രമിച്ചുപോയതാണെന്നും അബദ്ധം പറ്റിയതാണെന്നും വിശദീകരിച്ച് പ്രതി രംഗത്തെത്തിയിരുന്നു. വിദ്യാർഥിയുടെ പിതാവ് പരാതിയിൽ ഉറച്ചു നിന്നതോടെ അന്വേഷിക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു.












