തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമലയിൽ നടന്ന ആചാരലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കനത്ത തിരിച്ചടികൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ യുവതി പ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി ഏറ്റു പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
‘ശബരിമല വിവാദം 2018-ലെ ഒരു പ്രത്യേക സംഭവമായിരുന്നു. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്.‘ ഇതായിരുന്നു കടകംപള്ളി സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ട ഗതികേടും അദ്ദേഹത്തിന് വന്നിരുന്നു.
Discussion about this post