ഏകദിനത്തിൽ പതിനായിരം റൺസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയും രണ്ടാമത്തെ മാത്രം കളിക്കാരിയുമാണ് മിതാലി. ലഖ്നൗവിലെ ഭാരത് രത്ന അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ ചരിത്ര നേട്ടം.
മിതാലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലീഷ് താരമായ ഷാർലറ്റ് എഡ്വേർഡ്സ് മാത്രമാണ്. ഇന്ത്യൻ ഇന്നിംഗ്സിലെ ഇരുപത്തിയെട്ടാം ഓവറിൽ ആനി ബോഷിനെ ബൗണ്ടറി പായിച്ചാണ് മിതാലി നേട്ടം സ്വന്തമാക്കിയത്. മിതാലിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിസിസിഐ ട്വീറ്റ് ചെയ്തു.
മത്സരത്തിൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർ ജെമീമ റോഡ്രിഗസിനെ പൂജ്യത്തിന് പുറത്താക്കി ശബ്നിം ഇസ്മയിൽ ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ സ്മൃതി മന്ഥാനയും പൂനം റാവത്തും ചേർന്ന് രണ്ടാം വിക്കറ്റിൽ 64 റൺസ് ചേർത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. മന്ഥാന പുറത്തായ ശേഷം റാവത്തും മിതാലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റൺസ് ചേർത്തു. മിതാലിയെ 36 റൺസിന് പുറത്താക്കി ബോഷ് കൂട്ടുകെട്ട് പൊളിച്ചു.
Discussion about this post