തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിട്ടുവന്ന് എന്‍.ഡി.എ സ്ഥാനാര്ഥികളായത് അഞ്ചുപേര്‍. പന്തളം പ്രതാപന് ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കളും എന്‍.ഡി.എ സ്ഥാനാര്‍ഥികളായെങ്കിലും എണ്ണത്തില്‍ കൂടുതല്‍ ഇടതുപക്ഷം തന്നെയാണ്.
സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് അംഗത്വം രാജിവെച്ച തമ്പി മേട്ടുതറയാണ് ഇതില്‍ പ്രധാനി. അദ്ദേഹമാണ് കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സഖാവ് മേട്ടുതറ നാരായണന്റെ മകനാണ് തമ്പി. ഹരിപ്പാട് സീറ്റിലേക്ക് സി.പി.ഐ പരിഗണിച്ച ആദ്യ പേരുകാരനായിരുന്നു ഇദ്ദേഹം.
തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മരുത്തോര്‍വട്ടം സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് ആണ് ചേര്‍ത്തലയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. മാവേലിക്കരയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന കെ. സഞ്ജുവിനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
സി.പി.എം നേതാവും പൂഞ്ഞാര്‍ തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മിനര്‍വ മോഹനാണ് കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി. പാലക്കാട് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സി.പി.എം സഹയാത്രികയായിരുന്ന പി. നസീമ എന്‍.ഡി.എ സ്ഥാനാര്‍ഥിയായത് എ.ഐ.ഡി.എം.കെ വഴിയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന് അടൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായി.
Discussion about this post