ആംസ്റ്റർഡാം: ആസ്ട്രസെനിക വാക്സിനുകൾ രക്തം കട്ട പിടിക്കാൻ കാരണമാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ലോകരാജ്യങ്ങൾ. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് വാക്സിൻ വിതരണം പുനരാരംഭിക്കാൻ ബ്രിട്ടണും യൂറോപ്യൻ യൂണിയനുമുൾപ്പെടെയുള്ളവർ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നും കൂടുതൽ വാക്സിൻ ഇറക്കുമതി ചെയ്യാനും ബ്രിട്ടൺ പദ്ധതിയിടുന്നതായാണ് വിവരം.
ബ്രിട്ടണും യൂറോപ്യൻ യൂണിയനും പുറമേ ഇന്തോനേഷ്യയും ജർമ്മനിയും ഫ്രാൻസും വാക്സിൻ വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചു. മികച്ച രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന വാക്സിനാണ് ഓക്സഫഡ് ആസ്ട്രസെനിക വാക്സിൻ എന്ന് ലോകരാജ്യങ്ങൾ അഭിപ്രായപ്പെടുന്നു.
വാക്സിൻ ഫലപ്രദമാണെന്നും പാർശ്വഫല രഹിതമാണെന്നും യൂറോപ്യൻ മെഡിക്കൽ ഏജൻസി വ്യക്തമാക്കി. സംഭരിച്ചു വെക്കാൻ കൂടുതൽ സൗകര്യപ്രദവും കുറഞ്ഞ വിലയും കൊണ്ടു പോകാനുള്ള അനായാസതയുമാണ് ഫൈസർ- മൊഡേണ വാക്സിനുകളേക്കാൾ ഓക്സ്ഫഡ് ആസ്ട്രാസെനിക വാക്സിനുകളുടെ മേന്മയെന്നും അവർ വ്യക്തമാക്കി. മികച്ച ഫലപ്രാപ്തിയുള്ള വാക്സിനാണ് ഇതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post