അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വെന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടി. ക്യാപ്യൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്ത്യക്ക് വേണ്ടി അർദ്ധസെഞ്ചുറി നേടി.
രോഹിത് ശർമ്മയ്ക്കൊപ്പം ക്യാപ്ടൻ വിരാട് കോഹ്ലിയാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ട കെ എൽ രാഹുലിന് പകരം പേസർ നടരാജനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തിൽ കരുതലോടെ കളിച്ച രോഹിത് ശർമ്മ പിന്നീട് ആക്രമിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. വിരാട് കോഹ്ലി മികച്ച ഫോം തുടർന്നതോടെ കാര്യങ്ങൾ ഇംഗ്ലണ്ടിന് കൈവിട്ട് പോയി.
34 പന്തിൽ 64 റൺസുമായി രോഹിത് ശർമ്മ പുറത്തായി. തുടർന്ന് വന്ന സൂര്യകുമാർ യാദവ് കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്നു. യാദവ് 17 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 32 റൺസ് നേടി. പരമ്പരയിലെ മൂന്നാം അർദ്ധശതകം കണ്ടെത്തിയ കോഹ്ലി 52 പന്തിൽ 80 റൺസ് നേടി. 4 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. 17 പന്തിൽ 39 റൺസുമായി ഹാർദിക് പാണ്ഡ്യ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.
ഇംഗ്ലീഷ് ബൗളർമാരെല്ലാം സാമാന്യം നല്ല രീതിയിൽ തല്ലു വാങ്ങി. സ്റ്റോക്സിനും ആദിൽ റഷീദിനുമാണ് വിക്കറ്റുകൾ. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ ജാസൺ റോയി പുറത്തായി. നിലവിൽ ഇംഗ്ലണ്ട് രണ്ട് ഓവറിൽ 19 റൺസ് എന്ന നിലയിലാണ്.
Discussion about this post