അഹമ്മദാബാദ്: നായയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ യുവാവിനെ തല്ലി ബോധം കെടുത്തിയ ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലാണ് സംഭവം.
വ്യാഴാഴ്ചയായിരുന്നു ഇജാസ് ഷെയ്ഖ് നായയോട് ക്രൂരത കാട്ടിയത്. ഇജാസ് ഷെയ്ഖ് നായയെ മര്‍ദ്ദിച്ചശേഷം ബെല്‍റ്റ് ഉപയോഗിച്ച് കെട്ടിയിട്ട് വീണ്ടും വടികൊണ്ട് തല്ലി. വേദന കാരണം നിലവിളിക്കാൻ പോലും അശക്തനായ നായയെ പ്രതി തന്റെ സ്‌കൂട്ടറില്‍ കെട്ടി 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
തുടർന്ന് റോഡരികിൽ പരിക്കേറ്റനിലയില്‍ നായയെ നാട്ടുകാര്‍ കണ്ടെത്തി. തലയ്ക്കും മറ്റ് ശരീരഭാഗങ്ങള്‍ക്കും ഗുരുതര പരുക്കേറ്റ നായയെ മൃഗസംരക്ഷണ പ്രവർത്തകർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ പല്ലുകളും തകര്‍ന്നതായി കണ്ടെത്തി.
നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാട്ടുകാരെ പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ക്ഷമ നശിച്ച നാട്ടുകാർ ഇജാസ് ഷെയ്ഖിനെ പിടികൂടി അതേ ബെൽറ്റു കൊണ്ട് തല്ലി വശം കെടുത്തി. അപ്പോഴും അസഭ്യം വിളി തുടർന്ന ഇജാസ് ഷെയ്ഖിനെതിരെ നാട്ടുകാർ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.ഇതോടെ ബോധം പോയ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതി ഇജാസ് ഷെയ്ഖിനെതിരെ മൃഗസംരക്ഷണ നിയമ പ്രകാരം കേസെടുത്ത പൊലീസ് നാട്ടുകാർക്കെതിരെ നിയമം കൈയിലെടുത്തതിനും കേസെടുത്തു.
Discussion about this post