തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഡമ്മി സ്ഥാനാർത്ഥികൾ ഇന്ന് പിന്മാറും.
നിലവിൽ 140 മണ്ഡലങ്ങളിലേക്ക് ആയിരത്തി അറുപത്തൊന്ന് പത്രികകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർത്ഥികളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ നാളെ മുതൽ ആരംഭിക്കും.
അതേസമയം അപൂർണ്ണമാണെന്ന് കാട്ടി മാറ്റിവെച്ചിരിക്കുന്ന ചില ഇടത് സ്ഥാനാർത്ഥികൾക്ക് പിഴവ് തിരുത്തി പത്രിക സമരപ്പിക്കാനുള്ള അവസരം ഇന്ന് നൽകിയിട്ടുണ്ട്. എന്നാൽ അപൂർണ്ണമാണെന്ന് കാട്ടി ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയിരുന്നു. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിൽ തീരുമാനമായാലേ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകൂ.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും പിന്നിടുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. കടുത്ത വേനൽ ചൂടിനെയും അവഗണിച്ച് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്.
Discussion about this post