ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളാണ്.
ഷോപിയാനിലെ മാനിഹാൽ മേഖലയിൽ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. കശ്മീരിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെയാണ് സൈന്യം വധിച്ചിരിക്കുന്നത്.
കശ്മീർ പൊലീസും സൈന്യവും സി ആർ പി എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. പ്രദേശത്ത് ഇനിയും ഭീകരർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.







