ഡൽഹി: ഇന്ധന വില നിയന്ത്രണം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ ജിഎസ്ടി കൗൺസിലിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. 2021-22 സാമ്പത്തിക വർഷത്തെ ധനകാര്യ ബില്ലിന്മേൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിൽ ലോക്സഭ പാസാക്കി.
ധനകാര്യ ബിൽ പാസായതോടെ ബജറ്റ് പ്രക്രിയകൾ പൂർത്തിയായി. ആദായ നികുതി നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രി സഭയെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ നികുതുഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ഇന്ധന വില നിയന്ത്രണം ജിഎസ്ടി കൗൺസിലിൽ ഉന്നയിച്ചാൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് നിർമ്മല സീതാരാമൻ സഭയിൽ ആവർത്തിച്ചു. നിലവിൽ ഇന്ധനത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും നികുതി ചുമത്തുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ആശങ്കയുണ്ടെങ്കിൽ വരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉന്നയിക്കാവുന്നതാണ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് തുറന്ന കാഴ്ചപ്പാടാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ധനങ്ങൾക്ക് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനം മഹാരാഷ്ട്രയാണെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ പചൂണ്ടിക്കാട്ടി. വസ്തുതയെന്തെന്നാൽ, കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ധനങ്ങൾക്ക് നികുതി പിരിക്കുന്നുണ്ട്. കേന്ദ്രം പിരിക്കുന്ന നികുതിയുടെ കൃത്യമായ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി.
Discussion about this post