കൊച്ചി: ഇരട്ട വോട്ടിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. പ്രശ്നം അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് തവണ കത്തയച്ചെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജവോട്ട് ചേര്‍ക്കാന്‍ ഒത്താശ ചെയ്ത ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. വ്യാജവോട്ട് ചേര്‍ത്തതിന് ഉത്തരവാദികളായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥര്‍ സംഘടിതമായി ചെയ്ത പ്രവര്‍ത്തിയാണ്. അതിനാല്‍ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
Discussion about this post