കോഴിക്കോട്: ജില്ലാ കളക്ടര് സാംബശിവ റാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. ‘വോട്ടര്പട്ടികയില് കൃത്രിമ’മാണെന്നു വിളിച്ചുപറഞ്ഞു കൊണ്ട് കളക്ടറേറ്റ് വളപ്പില് നിര്ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള് ഇയാള് അടിച്ചുതകർക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നു സംശയിക്കുന്നതായി ജീവനക്കാര് പറഞ്ഞു. പ്രമോദ് എന്നയാളാണു പിടിയിലായത് ഇയാളില്നിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടിയതായി പൊലീസും പറഞ്ഞു. സിവില്സ്റ്റേഷനു മുന്നിലെ കാര്പോര്ച്ചില് രാവിലെ പത്തരയോടെയാണു സംഭവം.
വൃത്തിയായി വസ്ത്രം ധരിച്ച ഒരാള് നടന്നുവരികയായിരുന്ന പ്രമോദ് പെട്ടെന്ന് ‘കൃത്രിമം കാണിക്കുന്ന വോട്ടര്പട്ടികയാണ്. തിരഞ്ഞെടുപ്പില് വിശ്വാസമില്ല. ബഹിഷ്കരിക്കണം’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കാര് ആക്രമിക്കുകയായിരുന്നു. തോര്ത്തുമുണ്ടില് കല്ലു കെട്ടി കയ്യില്കരുതിയിരുന്നു. ഇത് കൊണ്ടാണ് കാറില് ആഞ്ഞടിച്ചത്. മുന്നിലെ രണ്ട് ജനല്ച്ചില്ലുകളും തകര്ത്തു. തുടര്ന്ന് എഡിഎമ്മിന്റെ കാര് ആക്രമിക്കാന് തുനിയുന്നതിനിടെ ജീവനക്കാരും പൊലീസുകാരും ചേര്ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പിടിയിലായ പ്രമോദിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായി ജീവനക്കാരും കണ്ടുനിന്നവരും പറഞ്ഞു. അതേസമയം ഇയാളില്നിന്ന് ഏതാനും പുസ്തകങ്ങളും ലഘുലേഖയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ബൂത്തില്കയറി വോട്ടിങ് യന്ത്രം നശിപ്പിക്കാന് ശ്രമിച്ചതിനും എലത്തൂരില് റിലയന്സ് പെട്രോള് പമ്പിൽ മാവോയിസ്റ്റ് പോസ്റ്റര് ഒട്ടിക്കാന് ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനും നേരത്തെ കേസെടുത്തിരുന്നു.












