തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തുനൽകാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. തൃക്കണ്ണാപുരം വാർഡ് കൗൺസിലറും സിപിഎം നേതാവുമായ അജിന്റെ വീട്ടിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണങ്ങളും പുറത്തുവന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വിജിലൻസിന്റെ കടുത്ത നടപടി.
പേയാട് സ്വദേശി സഞ്ജുവിന്റെ ഭൂമിതുടർനടപടികളുമായി ബന്ധപ്പെട്ടാണ് അജിൻ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത്. തൃക്കണ്ണാപുരം വാർഡിൽ സഞ്ജു 19 സെന്റ് സ്ഥലം വാങ്ങി പ്ലോട്ടുകളായി തിരിച്ചു വിൽപന നടത്തുന്നതിനിടയിലാണ് കൗൺസിലർ ഇതിൽ ഇടപെട്ടത്. പത്തു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ സമീപത്തെ പുറമ്പോക്ക് ഭൂമി കൂടി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു നൽകാമെന്നായിരുന്നു അജിന്റെ വാഗ്ദാനം. എന്നാൽ പണം നൽകാൻ തയാറായില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ രംഗത്തിറക്കി നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും സമരം ചെയ്യുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.
സംഭവം ഭരണപക്ഷമായ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതോടെ പാർട്ടി നേതൃത്വം പ്രാദേശിക തലത്തിൽ വിശദീകരണ യോഗങ്ങൾ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നിർണായക നീക്കവുമായി വിജിലൻസ് സംഘം അജിന്റെ വീട്ടിലെത്തി തെളിവെടുപ്പും പരിശോധനയും ആരംഭിച്ചിരിക്കുന്നത്. കേസിൽ കൗൺസിലർക്കെതിരെ കൂടുതൽ നിയമനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.












