ഇടുക്കി: പൂഞ്ഞാറില്‍ സി പി എമ്മും എസ് ഡി പി ഐയും തമ്മില്‍ വോട്ട് കച്ചവടമാണെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ് ആരോപിച്ചു. ഇരു പാര്‍ട്ടികളും തമ്മില്‍ രഹസ്യ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും, ഇടത് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി പി ഐ പിന്തുണ നല്‍കുന്നുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
”എസ് ഡി പി ഐ വോട്ട് വേണ്ടാ എന്ന് പറയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ധൈര്യമുണ്ടോ. ചതുഷ്‌കോണമത്സരമാണ് ഇത്തവണ പൂഞ്ഞാറില്‍ നടക്കുന്നത്. ‘പി.സി. ജോര്‍ജിന്റെ പൂഞ്ഞാര്‍’ എന്നാണ് ഇതുവരെ മണ്ഡലം അറിയപ്പെട്ടിരുന്നത്. അത് മാറ്റി പറയിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ ”; അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനെത്തിയപ്പോള്‍ കൂക്കുവിളി ഉയര്‍ന്നതും എംഎല്‍എ വളരെ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിക്കുകയും ചെയ്തതിനു പിന്നാലെയാണ് മണ്ഡലത്തില്‍ സിപിഎമ്മും എസ് ഡി പി ഐയും തമ്മില്‍ സഖ്യത്തിലാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് വിഷയത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞത്.












