കോഴിക്കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്സ്പ്രസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രാജസ്ഥാന് സ്വദേശികളായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നികുതിയടക്കാതെ കൊണ്ടു വന്ന സ്വര്‍ണം കോഴിക്കോട് വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ വിഭാഗമാണ് പിടികൂടിയത്. എണ്പതു ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. തൃശൂരിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.
ബീജാപൂര്‍ ജില്ലയിലെ ജഗറാം (19), വസ്നറാം (25) എന്നിവരെയാണ് പിടികൂടിയത്. ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നികുതി അടയ്ക്കാതെയാണ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് 78.81 ലക്ഷം രൂപ പിഴ ചുമത്തി.
ആര്‍റ്റിഎഫിന്റെ ക്രൈംഡിറ്റാച്ച്മെന്റ് സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ട്രെയിനില്‍ കൊണ്ടുപോകുന്ന സ്വര്‍ണം കണ്ടെത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ വെച്ചാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് എത്തുന്നതിന് മുമ്പായി രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവരെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
Discussion about this post