തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ വേസ്റ്റ് പേപ്പര്‍ കടയില്‍ വിറ്റയാളെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.സി നിയോഗിച്ച സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കുറവന്‍കോണം മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ വി. ബാലുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മണ്ഡലം, വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് നന്ദന്‍കോടുള്ള ആക്രിക്കടയില്‍ വീണ എസ്. നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകള്‍ വില്പനക്കായി എത്തിച്ചത്.
സംഭവത്തില്‍ നന്ദന്‍കോട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസിന് പരാതി നല്കി.
Discussion about this post