കണ്ണൂർ: ജലീൽ വിഷയത്തിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. മന്ത്രി ജലീലിന് എതിരായ ലോകായുക്ത റിപ്പോര്‍ട്ടും അതിന് നിയമമന്ത്രി എ.കെ. ബാലന്‍ ശനിയാഴ്ച നല്‍കിയ വിശദീകരണവുമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നേരത്തേ ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ രാജി ചോദിച്ചുവാങ്ങിയ പാര്‍ട്ടി നേതൃത്വത്തിന് ജലീലിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇരട്ടത്താപ്പ് എന്നാണ് അണികൾ ചോദിക്കുന്നത്.
ജയരാജനെതിരെ ഉയർന്ന അതേ ആക്ഷേപം തന്നെയാണ് മന്ത്രി ജലീലിനെതിരേയും ഉയര്‍ന്നത്. ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടത്. ഉയര്‍ന്ന ശമ്പളത്തില്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ളവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കരുതെന്ന ചട്ടമുള്ളപ്പോഴായിരുന്നു ജലീലിന്റെ ബന്ധുനിയമനം.
എന്നാൽ ജയരാജനെ പുറത്താക്കിയ സിപിഎം ഹൈക്കോടതിയെ സമീപിക്കാനുള്ള ജലീലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. ബന്ധുക്കളെ നിയമിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി ബാലന്റെ ന്യായം. ഇ പി ജയരാജന്റെ കാര്യത്തിൽ ഉയർന്നു വന്ന പാർട്ടി ധാർമികത ഇപ്പോൾ ഇല്ലേ എന്നാണ് അണികൾ ചോദിക്കുന്നത്.
പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ഉന്നതരില്‍ ജലീലിന് വലിയ സ്വാധീനമാണ് എന്നാണ് അണികൾ അഭിപ്രായപ്പെടുന്നത്. ജലീലിനെ മറയാക്കി ചില മുസ്ലീം സംഘടനകൾ സർക്കാരിനെ കുരങ്ങു കളിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.












