ഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഡെപ്സങ് താഴ്‍വരയിൽനിന്നു പിൻമാറാൻ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ ഇന്ത്യ സേനാ സന്നാഹം ശക്തമാക്കി. കഴിഞ്ഞ ദിവസം അതിർത്തിയിൽ നടന്ന പതിനൊന്നാം വട്ട സേനാതല ചർച്ചയിലും ഡെപ്സങ്ങിൽ നിന്നുള്ള പിൻമാറ്റം സംബന്ധിച്ച് ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ചൈനയുമായുള്ള ഇന്ത്യൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള പതിനേഴാം പർവത പ്രഹര കോറിലേക്ക് 10,000 സേനാംഗങ്ങളെ കൂടി ഉൾപ്പെടുത്താൻ കരസേന നടപടിയാരംഭിച്ചു.
നിലവിൽ ഒരു ഡിവിഷൻ മാത്രമാണു പർവത പ്രഹര കോറിന്റെ ഭാഗമായുള്ളത്. ഇത്രയും സേനാംഗങ്ങളടങ്ങുന്ന ഒരു സേനാ ഡിവിഷനെ ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള കോറിന്റെ ഭാഗമാക്കും. പിന്നാലെ, സേനാ സംഘത്തെ അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിയോഗിക്കും. അതിർത്തിയിൽ ആക്രമണ ലക്ഷ്യത്തോടെ നിലയുറപ്പിക്കുന്ന സേനാ സംഘമാണു പ്രഹര കോർ. അതിർത്തിയിൽ പലയിടത്തും കടന്നുകയറ്റ നീക്കങ്ങൾക്കു ചൈന ശ്രമിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധത്തിനു പുറമേ, ആക്രമണ മനോഭാവമുള്ള സംഘവും അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തൽ.
ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡി (ഡിബിഒ) ഉൾപ്പെടുന്ന മേഖലയായതിനാൽ ഡെപ്സങ്ങിൽ നിന്ന് എളുപ്പം പിൻമാറാൻ ചൈന തയാറായേക്കില്ലെന്നാണു സൂചന. അതിർത്തിയോടു തൊട്ടുചേർന്നുള്ള വ്യോമതാവളത്തിനു മേൽ ഭീഷണിയുയർത്തി ഇന്ത്യയെ സമ്മർദത്തിലാക്കുകയാണു ലക്ഷ്യം. അതിർത്തിയിലേക്കു ദ്രുതഗതിയിൽ സേനാംഗങ്ങൾ, ടാങ്കുകൾ അടക്കമുള്ള സന്നാഹങ്ങൾ എന്നിവ എത്തിക്കുന്നതിൽ ഡിബിഒ താവളം ഇന്ത്യയ്ക്കു നിർണായകമാണ്.
ഡെപ്സങ്ങിനു പുറമേ ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിലും സംഘർഷം തുടരുകയാണ്.
Discussion about this post