തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന് എട്ട് ഷട്ടറുകളുണ്ടാകും. മെയിന്‍ ഡാമിലായിരിക്കും ഷട്ടറുകള്‍. ഈ ഡാമിനു ബലമേകാന്‍ സമീപം ബേബി ഡാമും നിര്‍മ്മിക്കും. നിലവിലുള്ള അണക്കെട്ടില്‍ 13 സ്പില്‍വേ ഷട്ടര്‍ മാത്രമേയുള്ളൂ. ജലനിരപ്പ് 136 അടിയിലെത്തുമ്ബോഴാണ് ഇതുവഴി പുറത്തേക്ക് ഒഴുക്കിവിടാന്‍ കഴിയുക. ഷട്ടറുകളുണ്ടെങ്കില്‍ ഏതു സമയത്തും വെള്ളം പുറത്തേക്കൊഴുക്കി ഡാമിലെ നിരപ്പു ക്രമീകരിക്കാനാകും.
1000 കോടി രൂപ ചെലവില്‍ 4 വര്‍ഷത്തിനകം പുതിയ അണക്കെട്ടു നിര്‍മ്മിക്കാനാണു കേരളത്തിന്റെ തീരുമാനം. നിലവിലുള്ള ഡാമില്‍ നിന്നു 366 മീറ്റര്‍ താഴെയാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പുതിയ ഡാമിന്റെയും പരമാവധി സംഭരണ ശേഷി 152 അടിയായിരിക്കും. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണു പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത്.
അതേസമയം ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കേരളം പല തവണ കത്തയച്ചിട്ടും തമിഴ്‌നാട് മറുപടി നല്‍കിയിട്ടില്ല. വീണ്ടും വിശദ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാനുള്ള നടപടി കേരളം ആരംഭിച്ചു.
Discussion about this post