ഡൽഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയെയും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന റെഡ് ലിസ്റ്റിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ്, ഐറിഷ് പൌരന്മാരൊഴികെ ഇന്ത്യയില്‍ നിന്നുള്ള എല്ലാവര്‍ക്കും യാത്രാവിലക്ക് ബാധകമാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
പാകിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ മടങ്ങിയെത്തുമ്പോൾ ആ പൗരന്മാരും ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികളും സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകളില്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ബന്ധമാണ്. എന്നാല്‍ വിദേശികളെ സംബന്ധിച്ച് ഏറെ ചിലവേറിയതാണ് ഹോട്ടലിലെ ക്വാറന്റൈന്‍.
ഇന്ത്യയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ബുദ്ധിമുട്ടുള്ളതും സുപ്രധാനവുമായ തീരുമാനം ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഹാന്‍കോക്ക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ബോറിസ് ജോണ്‍ന്റെ ഇന്ത്യാ സന്ദര്‍ശനം കണക്കിലെടുത്താണ് ഇന്ത്യയെ നേരത്തെ റെഡ് ലിസ്റ്റില്‍പ്പെടുത്താതിരുന്നത്. ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടന്‍ സുപ്രധാന തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നും, പകരം, ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസാവസാനം സംസാരിക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടുകയായിരുന്നു. 2019ല്‍ അധികാരത്തിലെത്തിയ ശേഷം ബോറിസ് ജോണ്‍സണ്‍ നടത്താനിരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
Discussion about this post